ഭൂമിയുടെ മാറുപിളർക്കുമാറുപെയ്യുന്ന പേമാരിയും, ഗിരിപർവ്വങ്ങളുടെ ശിരസ്സറ്റുമാറ് വീശുന്ന കാറ്റും, ദേവലോകങ്ങൾ വിഭ്രംജിക്കുമാറുള്ള മേഘഗർജനവും, പാതാള ഗർത്തത്തെവരെ പ്രകാശിപ്പിക്കുന്ന കൊള്ളിയാനും, കുത്തിയൊലിച്ചൊഴുകുന്ന പുഴയുടെ സംഹാര താണ്ഡവും, വേര് പറിക്കുമാറ് വീശുന്ന കാറ്റിൽ തിരപോലെ ഇളകുന്ന പാടവും അതിന്‍റെ വരമ്പത്തിരുന്നു പ്രാർത്ഥിക്കുന്ന മാക്കാച്ചി തവളയും, ഒറ്റക്കാലിൽ തപസുചെയ്യുന്ന വെള്ള കൊക്കും, നീളൻ കാലിൽ കവച്ചു കവച്ചു നടന്നു എന്തൊക്കെയോ കൊത്തുന്ന കൊറ്റിയും പുതുമഴയിൽ ഉണ്ടായ ഭൂമിയുടെ മണം 'മണ്ടയില്‍' രതിയാകുമ്പോഴും, ഭൂമിയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും ചങ്കിൽ തുളകളുണ്ടാക്കി ആവിയായിപോകുന്നതും, ആ മഴയിൽ മല കേറുന്നതും, ആ മലയുടെ തുഞ്ചത്തുകയറി മഴയും, കാറ്റും, ഇടിയും, മിന്നലും തന്നിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന അഹങ്കാരത്തോടെ മണ്ണിൽ ചവിട്ടിനിന്നു ആ മഴയിൽ പെയ്യാനും, കാക്കത്തൊള്ളായിരം ഭൂതങ്ങളായി വിഘടിക്കാനും, മഴ ഒരന്തമില്ലാതെ എന്നിൽ പെയ്യുകയാണ്, ഈ മരുഭൂമിയിലും.
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”