Skip to main content

Posts

Showing posts from June, 2016

മഴ

ഭൂമിയുടെ മാറുപിളർക്കുമാറുപെയ്യുന്ന പേമാരിയും,  ഗിരിപർവ്വങ്ങളുടെ ശിരസ്സറ്റുമാറ് വീശുന്ന കാറ്റും,  ദേവലോകങ്ങൾ വിഭ്രംജിക്കുമാറുള്ള മേഘഗർജനവും, പാതാള ഗർത്തത്തെവരെ പ്രകാശിപ്പിക്കുന്ന കൊള്ളിയാനും, കുത്തിയൊലിച്ചൊഴുകുന്ന പുഴയുടെ സംഹാര താണ്ഡവും,  വേര് പറിക്കുമാറ് വീശുന്ന കാറ്റിൽ തിരപോലെ ഇളകുന്ന പാടവും  അതിന്‍റെ  വരമ്പത്തിരുന്നു പ്രാർത്ഥിക്കുന്ന മാക്കാച്ചി തവളയും,  ഒറ്റക്കാലിൽ തപസുചെയ്യുന്ന വെള്ള കൊക്കും,  നീളൻ കാലിൽ കവച്ചു കവച്ചു നടന്നു എന്തൊക്കെയോ കൊത്തുന്ന കൊറ്റിയും പുതുമഴയിൽ ഉണ്ടായ ഭൂമിയുടെ മണം 'മണ്ടയില്‍' രതിയാകുമ്പോഴും, ഭൂമിയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും ചങ്കിൽ തുളകളുണ്ടാക്കി ആവിയായിപോകുന്നതും, ആ മഴയിൽ മല കേറുന്നതും, ആ മലയുടെ തുഞ്ചത്തുകയറി മഴയും, കാറ്റും, ഇടിയും, മിന്നലും തന്നിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന അഹങ്കാരത്തോടെ മണ്ണിൽ ചവിട്ടിനിന്നു ആ മഴയിൽ പെയ്യാനും, കാക്കത്തൊള്ളായിരം ഭൂതങ്ങളായി വിഘടിക്കാനും,  മഴ ഒരന്തമില്ലാതെ എന്നിൽ പെയ്യുകയാണ്, ഈ മരുഭൂമിയിലും.

ബോധം

നീയെന്ന ബോധം എനിക്കില്ലാഞ്ഞിട്ടല്ല , എന്നാൽ , നീയെന്ന ബോധത്തെ ഇല്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് എന്നെ ഞാന്നെന്ന ബോധത്തിൽ സ്ഥാപിക്കാനും അതുവഴി നീ എന്നിൽ ഉളവാക്കിയ മിഥ്യകളെ ഇല്ലാതാക്കാനുമാണ്.  നീയെന്റെ ബോധത്തിൽ വളർന്നപ്പോൾ എനിക്ക് കടിഞ്ഞാണിടേണ്ടിവന്നത് എന്റെ സ്വത്വബോധത്തെയാണ്. നിന്നിലേക്ക് ഞാൻ ഈ ബ്രഹ്മത്തെ ആവാഹിച്ചപ്പോൾ എനിക്കു നഷ്ടമായത് ഞാനും ബ്രഹ്മം ആണെന്ന ബോധമായിരുന്നു. നിന്റെ ഇല്ലായ്മയിലും നീയെന്ന ബോധം എന്റെ സ്വത്വത്തിൽ പടർന്നപ്പോൾ , എനിക്ക് നഷ്ടപ്പെട്ടത് നീയില്ലാത്തതാകുന്ന മറ്റു അവസ്ഥകളുടെ ബോധത്തെയാണ് , എന്റെ കാഴ്ച്ചയെയാണ്.  എന്റെ ചിന്തകൾക്ക് നിറങ്ങൾ നല്കിയത് നീയെന്ന എന്റെ ബോധമായിരുന്നു , എനിക്ക് നഷ്ടമായത് എന്റെ നിറങ്ങളും. എന്റെ ബോധത്തിൽ എന്നെ സ്ഥാപിക്കാനും , നീയല്ലാതാകുന്ന മറ്റവസ്തകളുടെ ബോധങ്ങളെ അവയായിത്തന്നെ ഉൾകൊള്ളാനും , എന്റെ ചിന്തകൾക്ക് നീയല്ലാതാകുന്ന മറ്റു ബോധങ്ങളെ എഴുതുവാനും അവയുടെ നിറങ്ങൾ നല്കുവാനും , എല്ലാത്തിനുമുപരി എനിക്കു ഞാനായിത്തന്നെ തുടരുവാനും , നിനക്കു വിട.