Skip to main content

Posts

Showing posts from December, 2016

അനാർക്കലി

ചിതയിലെ അവസാനത്തെ കൊള്ളിയും  കത്തിതീരുമ്പോൾ, നീ എനിക്കാരായിരുന്നുവെന്നാണ് ഞാൻ അവയോടു പറയേണ്ടത്? അസ്തമയ സൂര്യന്റെ കിരണങ്ങളാവാം നിന്നെ  അഗ്നിക്കുതുല്യമാം വിധം ജ്വലിപ്പിച്ചിരുന്നു. ചിതയിലെ അഗ്നിയായി പരിണാമപ്പെടാനും, സർവ്വചാരാചാരങ്ങളിലെ അഗ്നിയായി രൂപാന്തരപ്പെടാനും നിനക്ക്  ഞാൻ മാത്രം മതിയായിരുന്നു.  "അനാർക്കലി". എന്റെ അവസാനശ്വാസവും നിന്നിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ സകല പ്രപഞ്ചങ്ങൾക്കും നീ  ജീവന്റെ മാതാവാകുകയായിരുന്നു.  ശാന്തമായി ഒഴുകുകയായിരുന്ന എന്റെ ജീവിതത്തെ ഭ്രാന്തമായി എടുത്തുയർത്തി, ആർത്തുലച്ചുടച്ചു കടന്നുപോയ ഒരു ഭ്രാന്ത് പിടിച്ച കാറ്റാണ്  നീ  എനിക്ക്.  ആ ഭ്രാന്തിലാണ് ഞാൻ കാറ്റായും, മഴയായും, മിന്നലായും, ഇടിയായും ഭൂമിയുടെ നെഞ്ച് പിളർന്നു പെയ്തു തീർന്നത്.  അനാർക്കലി, നീ കാറ്റായും, മഴയായും, മഞ്ഞായും, അഗ്നിയായും വിഘടിക്കുക. നമ്മൾ വീണ്ടും വീണ്ടും ജനിക്കുകയാണ് ഒരന്തമില്ലാതെ ഈ പ്രപഞ്ചത്തിൽ പല രൂപങ്ങളിലും ഭാവങ്ങളിലും.